മാലോം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ വാഗ്ദാനം, ഫലം വന്ന് മണിക്കൂറുകൾക്കകം നിറവേറ്റി നിയുക്ത ബളാൽ പഞ്ചായത്ത് മെമ്പർ. ബുധനാഴ്ച വൈകിട്ട് ബളാൽ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എൻ ജെ മാത്യു എന്ന അലക്സ് നെടിയകാലയാണ് സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റി മാതൃകയായത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂടെയുള്ള റോഡ് ആയിരുന്നു മല മുകളിലെ ഇടക്കാനം കോളനിയിലുള്ളവർക്ക് ആശ്രയം. തെരഞ്ഞെടുപ്പ് സമയത്ത് അവിടുത്തെ ജനങ്ങൾ ഇത് പൊതു വഴിയായി നടപ്പാക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഈ വിഷയത്തിൽ ഇടപെട്ട് സ്ഥാനാർഥി സ്ഥലം ഉടമയും കോളനി നിവാസികളും ആയി യോഗം ചേരുകയും, അലക്സ് ജയിച്ചു വന്നാൽ അപ്പോൾ ആലോചിക്കാം എന്ന സ്ഥലഉടമ കുഞ്ഞു വർക്കിയുടെ മറുപടിയിൽ യോഗം പിരിഞ്ഞു. കോളനിക്കാർക്ക് റോഡിൻ്റെ കാര്യത്തിൽ ഒന്നു കൂടി ഉറപ്പ് നൽകിയാണ് അലക്സ് അന്ന് മടങ്ങിയത്. തിങ്കളാഴ്ച വോട്ടെടുപ്പും ബുധനാഴ്ച്ച ഫലപ്രഖ്യാപനവും വന്നപ്പോൾ അലക്സ് നെടിയകാല 185 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.
മാലോം ടൗണിൽ നിന്നും കോൺഗ്രസ് പ്രവർത്തകരുടെ അകമ്പടിയോടെ പുല്ലോടി പ്രദേശത്തെ ആഘോഷങ്ങൾക്കുശേഷം ഇടക്കാനം എത്തി കുഞ്ഞുവർക്കിയെ കണ്ടു, വിജയിച്ചു വന്ന ശ്രീ അലക്സ്‌ന്റെ കയ്യിൽ റോഡിന്റെ ഗേറ്റിന്റെ താഴ് സമർപ്പിച്ച റോഡ് പൊതു ഉപയോഗത്തിനായി തുറന്നു നൽകുകയായിരുന്നു.
മലമുകളിൽ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനെത്തിയവരെ എല്ലാം സാക്ഷികളാക്കി അലക്‌സും കുഞ്ഞു വർക്കി ചേട്ടനും ചേർന്ന് റോഡ് കോളനിക്കാർക്കായി തുറന്ന് കൊടുത്തു.
0 അഭിപ്രായങ്ങള്