കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ടുനിന്ന് വെറും ആറുമണിക്കൂർകൊണ്ട് ബെംഗളൂരുവിലും മണിക്കൂറുകൾക്കകം സുബ്രഹ്മണ്യ, മൈസൂരു എന്നിവിടങ്ങളിലും എത്താൻപറ്റുന്ന നിർദിഷ്ട കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാതയ്ക്ക് വീണ്ടും പ്രതീക്ഷയുടെ ചൂളംവിളി. ദക്ഷിണ കന്നഡയുടെ പുതിയ എം.പി. ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ടയാണ് ഈ സ്വപ്നറൂട്ടിന് വീണ്ടും പച്ചക്കൊടികാട്ടിയത്. കർണാടക-കേരള സംസ്ഥാനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന ഈ റെയിൽപ്പാതയെക്കുറിച്ച് കേന്ദ്ര റെയിൽമന്ത്രി അശ്വനി വൈഷ്ണവുമായി ചർച്ചചെയ്യുമെന്ന് എം.പി. ഉറപ്പുനൽകി. സർവേ പൂർത്തിയായി 1500 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടും നിലച്ച പാതയുടെ കാര്യം പുനഃപരിശോധിക്കുമെന്നും ഫയൽ പഠിച്ച് കേന്ദ്രമന്ത്രിയുമായി ചർച്ചചെയ്യുമെന്നും കഴിഞ്ഞദിവസം സുള്ള്യ സന്ദർശിച്ച എം.പി. പ്രവർത്തകർക്ക് ഉറപ്പുനൽകി.
90 കിലോമീറ്റർ പാത, 1500 കോടിയുടെ പദ്ധതി
വൈദ്യുതിവകുപ്പിൽ എൻജിനിയറായിരുന്ന മാലക്കല്ലിലെ ജോസ് കൊച്ചിക്കുന്നേലായിരുന്നു ഈ റെയിൽവേപ്പാതയുടെ സാധ്യത മുന്നോട്ടുവെച്ചത്. 90 കിലോമീറ്ററാണ് നിർദിഷ്ട പാതയുടെ ദൂരം. കാഞ്ഞങ്ങാട്ടുനിന്ന് പാണത്തൂരിലേക്ക് 41 കിലോമീറ്റർ. അവിടെനിന്ന് കർണാടക അതിർത്തി കടന്ന് കാണിയൂർവരെ 49 കിലോമീറ്റർ. കാഞ്ഞങ്ങാട്, പാണത്തൂർ, സുള്ള്യ, ഹാസൻ, ശ്രാവണബെൽഗോള വഴി പോയാൽ ആറുമണിക്കൂറിൽ ബെംഗളൂരു എത്താം. 1500 കോടി രൂപയാണ് പാത നിർമാണത്തിനായുള്ള എസ്റ്റിമേറ്റ്. പകുതി തുക കേന്ദ്രം നൽകുമെന്നും ബാക്കി പകുതി പാത അതിരിടുന്ന കർണാടകയും കേരളവും വഹിക്കണമെന്നായിരുന്നു അന്നത്തെ ധാരണ. കേരളം അത് സമ്മതിച്ചെങ്കിലും കർണാടക സമ്മതിച്ചില്ല. 2008-09 വർഷത്തെ റെയിൽവേ ബജറ്റിൽ ഈ പദ്ധതിയുടെ പ്രാരംഭനടപടികൾ അംഗീകരിച്ചു. 2008 നവംബറിൽ പാണത്തൂർവരെയുള്ള ആദ്യ സർവേ പൂർത്തിയായി. 2010-11-ൽ ഇ. അഹമ്മദ് റെയിൽവേ സഹമന്ത്രിയായിരുന്നപ്പോൾ രണ്ടാംഘട്ട സർവേയും നടന്നു. ട്രാഫിക്-ഇക്കണോമി വിഭാഗത്തിലെ ഉൾപ്പെടെയുള്ള അന്തിമഘട്ട സർവേ പൂർത്തിയാക്കി 2015 മാർച്ച് 30-ൽ ഈ റിപ്പോർട്ട് ചെന്നൈയിലെ ചീഫ് കൺസ്ട്രക്‌ഷൻ മാനേജർക്ക് അയച്ചുകൊടുത്തു. അവിടെനിന്ന് റിപ്പോർട്ട് റെയിൽവേ ബോർഡിലേക്ക് അയച്ചുകൊടുത്തെങ്കിലും കർണാടകസർക്കാരിന്റെ സമ്മതപത്രമില്ലെന്ന പേരിൽ തടയുകയായിരുന്നു.
പുത്തൻ പ്രതീക്ഷ
കേന്ദ്രസർക്കാരിന്റെ പുതിയ തീരുമാനപ്രകാരം റെയിൽപ്പാതാ വികസനത്തിന് സംസ്ഥാനസർക്കാരുകൾ തങ്ങളുടെ ഓഹരി വഹിക്കേണ്ടതില്ല. എല്ലാം കേന്ദ്രസർക്കാർ വഹിക്കും. കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാതയുടെ നിലവിലെ എസ്റ്റിമേറ്റ് 1500 കോടി രൂപയാണ്. അത് പൂർണമായും കേന്ദ്രം വഹിക്കുമെന്നിരിക്കെ, സ്ഥലം കണ്ടെത്തി വിട്ടുനൽകേണ്ട കാര്യമേ കർണാടക-കേരള സർക്കാരുകൾക്കുള്ളൂ. പാത യാഥാർഥ്യമാക്കാനായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., മുൻ എം.പി. പി. കരുണാകരൻ, മുൻ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവർ ആത്മാർഥമായി പ്രവർത്തിച്ചിരുന്നു. അഡ്വ. പി. അപ്പുക്കുട്ടൻ ചെയർമാനും സി. യൂസഫ് ഹാജി ജനറൽ കൺവീനറുമായുള്ള കാഞ്ഞങ്ങാട് നഗരവികസന കർമസമിതിയും രംഗത്ത് വന്നിരുന്നു. ഇപ്പോൾ ദക്ഷിണ കന്നഡ എം.പി. ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട, കാണിയൂർ-കാഞ്ഞങ്ങാട് റെയിൽപ്പാതയെക്കുറിച്ച് പഠിച്ച് കേന്ദ്രമന്ത്രിക്കുമുന്നിൽ അവതരിപ്പിക്കുമെന്ന് പറയുമ്പോൾ ഒന്ന് ഒരുമിച്ചു ചർച്ചചെയ്താൽ യാഥാർഥ്യമാകുന്നതേയുള്ളൂ ഈ സ്വപ്നപാത.
0 അഭിപ്രായങ്ങള്